ചാത്തന്നൂര്‍: ചാത്തന്നൂര്‍ താലൂക്ക് രൂപീകരിക്കേണ്ടതില്ലെന്ന് ലാൻഡ് റവന്യൂ കമ്മിഷണറുടെ റിപ്പോര്‍ട്ട്. ചാത്തന്നൂര്‍ ആസ്ഥാനമാക്കി താലൂക്ക് രൂപീകരിക്കണമെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡോ. ബാബു പോള്‍ കമ്മിഷനും പിന്നീട് സര്‍ക്കാര്‍ നിയമിച്ച വത്സല കുമാരി കമ്മിഷനും സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതനുസരിച്ച് ചാത്തന്നൂരിലെ രാഷ്്ട്രീയ നേതൃത്വങ്ങള്‍ ചാത്തന്നൂര്‍ ആസ്ഥാനമായി താലൂക്ക് രൂപീകരിക്കണമെന്ന് തത്വത്തില്‍ അംഗീകരിച്ചിരുന്നു.
ജില്ലയിലെ കൊല്ലം താലൂക്കിലെ തെക്കന്‍ ഭാഗത്തെ കല്ലുവാതുക്കല്‍, ചിറക്കര, പുതക്കുളം, ചാത്തന്നൂര്‍, ആദിച്ചനല്ലൂര്‍, മയ്യനാട്, തൃക്കോവില്‍വട്ടം പഞ്ചായത്തുകളും പരവൂര്‍ നഗരസഭയും കൊട്ടാരക്കര താലൂക്കിലെ പൂയപ്പള്ളി പഞ്ചായത്തും ഉള്‍പ്പെട്ടതാണ് നിര്‍ദിഷ്ട ചാത്തന്നൂര്‍ താലൂക്കിന്റെ രൂപരേഖ.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ചാത്തന്നൂര്‍ താലൂക്ക് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് കല്ലുവാതുക്കല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോ. എപിജെ അബ്ദുല്‍ കലാം ചാരിറ്റബിള്‍ ആന്‍ഡ് എഡ്യൂക്കേഷണല്‍ ട്രസ്റ്റ് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന് നിവേദനം നല്‍കിയിരുന്നു. നിവേദനത്തില്‍ മേലുള്ള നടപടികളെക്കുറിച്ച് തുടരന്വേഷണം നടത്തിയപ്പോഴാണ് ചാത്തന്നൂര്‍ താലൂക്ക് രുപീകരിക്കേണ്ടതില്ലെന്ന ലാൻഡ് റവന്യൂ കമ്മിഷണറുടെ ഉത്തരവ് പുറത്തായത്.
കൊല്ലം, കൊട്ടാരക്കര താലൂക്കുകള്‍ വിഭജിച്ച് ചാത്തന്നൂര്‍ താലൂക്ക് രൂപീകരിക്കുന്നതിന് പ്രായോഗിക തടസങ്ങള്‍ ഉള്ളതായി ലാൻഡ് റവന്യൂ കമ്മിഷണറുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
രണ്ട് താലൂക്കുകള്‍ വിഭജിക്കുമ്പോള്‍ ഭൗതിക സാമ്പത്തിക നഷ്ടങ്ങളും പുതിയ ഓഫിസുകള്‍ സ്ഥാപിക്കുന്നതിനും ജീവനക്കാരെ നിയമിക്കുന്നതിനും സര്‍ക്കാരിനുണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യതയും വ്യക്തമാക്കുന്നു.
താലൂക്ക് രൂപീകരണത്തിന് സാങ്കേതിക തടസങ്ങള്‍ ഉണ്ടെങ്കിലും പ്രദേശത്തെ പൊതുജനങ്ങുടെ റവന്യൂ ആവശ്യങ്ങള്‍ക്കായി താലൂക്കിലെയും തദ്ദേശ സ്ഥാപനങ്ങളിലെയും സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ലാൻഡ് റവന്യൂ കമ്മിഷണര്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്.
തത്കാലം ചാത്തന്നൂര്‍ താലൂക്ക് അനുയോജ്യമല്ലെന്നും വ്യക്തമാക്കുന്നു.
നിലവില്‍ പുതിയ പുതിയ താലൂക്കുകള്‍ അനുവദിക്കുന്നതിലെ പൊതുവായ സാമ്പത്തിക മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് സര്‍ക്കാര്‍ തീരുമാനമെടുത്തതെന്നും റവന്യൂ വകുപ്പ് നിവേദനം നല്കിയ ട്രസ്റ്റ് സെക്രട്ടറി സി.ആര്. സുധീറിന് നല്കിയ മറുപടിയില്‍ വ്യക്തമാക്കുന്നു.